അഗസ്ത്യഹൃദയം – മധുസൂധനന്‍ നായര്‍ | Madhusoodhanan Nair | Malayalam Poem Kavitha

>> Saturday, July 30, 2011

രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില് കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളീലെത്താൻ.

ഇപ്പൊള് നാമെത്തിയീ വനപര്ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരതശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ

ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം

ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…??
വനപർണ്ണശാലയില്ലല്ലോ,മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻ
മുദ്രാദലങ്ങളീല്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ…

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൌമമൌഡ്യം വാതുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..?രാമ
ദേഹമിടറുന്നോ…
നീർക്കിളികൾ പാടുമൊരു ദിക്കുകാണാമവിടെ
നീർക്കണിക തേടിഞാനൊന്നുപോകാം

കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീർ നാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മിൽ
സൌഖ്യം നടിക്കാം…….

നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..?
അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള് പെറ്റ മക്കള്ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാന് അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ട് മേനികള് മെനഞ്ഞു
മോഹബീജം കൊണ്ട് മേടകള് മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില് ബിരുദം കൊടുത്തു
നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു

നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു

ആപിന്ച്ചു കരളുകള്‍ ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു
മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം
നിന്‍ കണ്ണിലെന്നുമേ കണ്നായിരുന്നോരെന്‍
കരളിലോ………
കരളുന്ന ദൈന്യം

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ

സൌരസൌമ്യാഗ്നികലകൾ കൊണ്ടുവർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീൽ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യൻ

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..???

0 comments:

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP