Bhoomiyude kaavalkaran Malayalam Kavithakal by A. Ayyappan ഭൂമിയുടെ കാവൽക്കാരൻ

>> Thursday, October 8, 2015

ഭൂമിയുടെ കാവൽക്കാരൻ
 
എ അയ്യപ്പൻ

നിന്‍റെ തൊട്ടിലും
അമ്മയുടെ ശവപ്പെട്ടിയും
ഇതേ മരത്തിന്റേതാണു.
ഈ മരത്തിൽ നിന്ന് നിനക്കൊരു കളിക്കുതിര
ചുള്ളികൾ കൊണ്ട്‌ കളിവീട്‌
ഇമകൾ പോലെ തുടിക്കുന്ന
ഇലകളാൽ തോരണം.
മഴയും വെയിലും
മരച്ചോട്ടിൽ മറക്കണം.
ഋതുപർണ്ണനെപ്പോലെ ഇലകളെണ്ണിത്തീർക്കണം
മരത്തിന്‍റെ നിഴൽ നീയെന്നു തോന്നണം.
ഋതുക്കളിലൂടെ
മരമാടുന്നതു കണ്ട്‌
കാലമളക്കണം.
കരിയിലകളുടെ പാട്ടിൽ കാതോർത്തു നിൽക്കണം.
മഴുവുമായ്‌ ഒരുനാളിവിടെ
മരംവെട്ടുകാരൻ വരുമ്പോൾ
മഴു അവനിലേക്ക്‌ തിരിഞ്ഞീടാൻ മന്ത്രം നീയോതണം.
മരം വാഴുന്ന കരയെ കടലെടുക്കാതെ കാക്കുന്നവൻ
കാവൽക്കാരൻ.
ദാഹത്തിന്‍റെ ഓർമ്മയ്ക്ക്‌
പാതാളത്തിൽ താണ ബലിശിരസ്സ്‌.
മരച്ചോട്ടിൽ തണലുകൊള്ളാൻ
പിതൃഘാതകനെത്തുമ്പോൾ
ക്ഷീരം നിറഞ്ഞ കയ്യിലൊരു
ചെത്തിക്കൂർപ്പിച്ച
അമ്പ് .

0 comments:

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP