Showing posts with label കാത്തിരിപ്പ്‌. Show all posts
Showing posts with label കാത്തിരിപ്പ്‌. Show all posts

Malayalam Poem Kavitha | കാത്തിരിപ്പ്‌ - മുരുകന്‍ കാട്ടാകട | Murugan Kattakada

>> Saturday, July 30, 2011

ആസുരതാളം തിമര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശബ്ദമൊരു നോവായി നിറയുന്നു

നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
 ആര്‍ദ്രമൊരു വാക്കിന്റെ  വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി

ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

ഞാനുറങ്ങുമ്പൊഴും കാത്തിരിപ്പൊറ്റക്കു
 താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും
നിഴല്‍പ്പരപ്പിന്നു കണ്പാര്‍ക്കുന്നു
എന്റെ മയക്കത്തില്‍ എന്റെ സ്വപ്നങ്ങളില്‍
കാത്തിരിപ്പെന്തൊ തിരഞ്ഞോടിയെത്തുന്നു

ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ
വിളിച്ചുണര്‍ത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു
ഭൂതകാലത്തിന്നുമപ്പുറം വീണ്ടുമൊരു വാക്കിന്റെ വേനല്‍ മഴത്തുള്ളി
  വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു

കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
മച്ചിലെ വാവല്‍ കലമ്പലില്‍ ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളില്‍
 തെന്നല്‍ തലോടി തുറന്ന പടിവാതിലില്‍ തെക്ക് നിന്നെത്തുന്ന തീവണ്ടി മൂളലില്‍
ഞെട്ടിയുണര്‍ന്നെത്തി നോക്കുന്നു പിന്നെയും
ഒച്ച്‌ പോലുള്‍വലിഞ്ഞീടുവാനെന്കിലും
ഒരു പകല്‍ പടിവാതിലോടിയിറങ്ങുമ്പോളിരവു കറുത്ത ചിരി തൂകിയണയുമ്പോള്‍
  ഇരുവര്‍ക്കുമിടയിലൊരു സന്ധ്യപൂത്തുലയുമ്പോള്‍
 ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോള്‍
 എവിടെയോ മിഴി പാകി ഒരു ശിലാശകലമായ്
വാക്കിന്റെ വേനല്‍ മഴത്തുള്ളി
  വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു

  കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
വേദന ..വേദന വാരിപ്പുതച്ചു വീണ്ടും
എന്റെ കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

കണ്ണീരു പൊടിയുന്ന വട്ടുന്നതോര്‍ക്കാതെ
ആര്‍ദ്രമൊരു വാക്കിന്റെ  വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി

ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP