Malayalam Poem Kavitha | ജ്ഞാനപ്പാന - പൂന്താനം നമ്പൂതിരി Poonthanam

>> Saturday, July 30, 2011

കവി: പൂന്താനം നമ്പൂതിരി (1547-1640)
വൃത്തം: പാന / സര്‍പ്പിണി


വന്ദനം


കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!

അച്യുതാനന്ദ! ഗോവിന്ദ! മാധവാ!

സച്ചിദാനന്ദ! നാരായണാ! ഹരേ!



ഗുരുനാഥന്‍ തുണചെയ്ക സന്തതം

തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമാക്കീടുവാന്‍!



കാലലീല


ഇന്നലെയോളമെന്തെന്നറിഞ്ഞീലാ

ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.


കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-

ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,

മാളികമുകളേറിയ മന്നന്റെ

തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.



അധികാരിഭേദം


കണ്ടാലൊട്ടറിയുന്നു ചിലരിതു

കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.

കണ്ടതൊന്നുമേ സത്യമല്ലെന്നതു

മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.

മനുജാതിയില്‍ത്തന്നെ പലവിധം

മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.


പലര്‍ക്കുമറിയേണമെന്നിട്ടല്ലോ

പലജാതി പറയുന്നു ശാസ്ത്രങ്ങള്‍.

കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു

കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.

ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു

ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.


സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ

സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;


തത്ത്വവിചാരം


ചുഴന്നീടുന്ന സംസാരചക്രത്തി-

ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍

അറിവുള്ള മഹത്തുക്കളുണ്ടൊരു

പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.


എളുതായിട്ടു മുക്തി ലഭിപ്പാനായ്‌

ചെവി തന്നിതു കേള്‍പ്പിനെല്ലാവരും

നമ്മെയൊക്കെയും ബന്ധിച്ച സാധനം

കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍

മുന്നമിക്കണ്ട വിശ്വമശേഷവും

ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌

ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ

ഒന്നിനും ചെന്നു താനും വലയാതെ

ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌



ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌

ഒന്നുപോലെയൊന്നില്ലാതെയുള്ളതി-

ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌

ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌

നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.

മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും

ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.


കര്‍മ്മഗതി


ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍

മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും

പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും

പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും

മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍

മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.

പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-

ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.

രണ്ടിനാലുമെടുത്തു പണിചെയ്ത

ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.

ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം

കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.

ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു

ഭുവനാന്ത്യപ്രളയം കഴിവോളം

കര്‍മ്മപാശത്തെ ലംഘിക്കയന്നതു

ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.

ദിക്‌പാലന്മാരുമവ്വണ്ണമോരോരോ

ദിക്കുതോറും തളച്ചു കിടക്കുന്നു.

അല്‌പകര്‍മ്മികളാകിയ നാമെല്ലാ-

മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍

ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും

കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.


ജീവഗതി


നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്‌

ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ

പരിപാകവും വന്നു ക്രമത്താലേ

നരജാതിയില്‍ വന്നു പിറന്നിട്ടു

സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍

സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.

സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍

പരിപാകവുമെള്ളോളമില്ലവര്‍

പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍

ജാതരായ്‌; ദുരിതം ചെയ്തു ചത്തവര്‍.

വന്നൊരദ്‌ദുരിതത്തിന്‍ഫലമായി

പിന്നെപ്പോയ്‌ നരകങ്ങളില്‍ വീഴുന്നു.

സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്‌

നരലോകേ മഹീസുരനാകുന്നു;

ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍

ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.

അസുരന്മാര്‍ സുരന്മാരായീടുന്നു;

അമര‍ന്മാര്‍ മരങ്ങളായീടുന്നു;

അജം ചത്തു ഗജമായ്‌ പിറക്കുന്നു

ഗജം ചത്തങ്ങജവുമായീടുന്നു;


നരി ചത്തു നരനായ്‌ പിറക്കുന്നു

നാരി ചത്തുടനോരിയായ്‌പോകുന്നു;

കൃപകൂടാതെ പീഡിപ്പിച്ചീടുന്ന

നൃപന്‍ ചത്തു കൃമിയായ്‌പിറകുന്നു;

ഈച്ച ചത്തൊരു പൂച്ചയായീടുന്നു

ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.

കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍

ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍

സീമയില്ലാതോളം പല കര്‍മ്മങ്ങള്‍;

ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.


അങ്ങനെ ചെയ്തു നേടി മരിച്ചുട-

നന്യലോകങ്ങളോരോന്നിലോരോന്നില്‍

ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍

തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.

ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.

ഉടനെ വന്നു നേടുന്നു പിന്നെയും;

തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍

കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം

മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു

വിറ്റൂണെന്നു പറയും കണക്കിനേ.


ഭാരതമഹിമ


കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ

ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.

കര്‍മ്മനാശം വരുത്തേണമെങ്കിലും

ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.

ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും

സക്തരായ വിഷയീജനങ്ങള്‍ക്കും

ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും

വിശ്വമാതാവു ഭൂമി ശിവ ശിവ!

വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍

പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.


അവനീതലപാലനത്തിന്നല്ലൊ

അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.

അതുകൊണ്ടു വിശേഷിച്ചും ഭൂലോകം

പതിന്നാലിലുമുത്തമമെന്നല്ലോ

വേദവാദികളായ മുനികളും

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന

ജംബുദ്വീപൊരു യോജനലക്ഷവും

സപ്തദ്വീപുകളുണ്ടതിലെത്രയും

ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.


ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു

ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.

ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ

അതിലുത്തമം ഭാരതഭൂതലം

സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍

കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;

കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു

ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,

കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍

ജന്മനാശം വരുത്തേണമെങ്കിലും


ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള

പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.

അത്ര മുഖ്യമായുള്ളൊരു ഭാരത-

മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.


കലികാലമഹിമ


യുഗം നാലിലും നല്ലൂ കലിയുഗം

സുഖമേതന്നെ മുക്തിവരുത്തുവാന്‍.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസങ്കീര്‍ത്തനമെന്നീയേ

മറ്റേതുമില്ല യത്‌നമറിഞ്ഞാലും


അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍

പതിമ്മൂന്നിലുമുള്ള ജനങ്ങളൂം

മറ്റു ദ്വീപുകളാറിലുമുള്ളോരും

മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും

മറ്റു മൂന്നു യുഗങ്ങളിലുള്ളോരും

മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍

കലികാലത്തെ ഭാരതഖണ്ഡത്തെ,

കലിതാദരം കൈവണങ്ങീടുന്നു.

അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും

ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍

യോഗ്യത വരുത്തീടുവാന്‍ തക്കൊരു

ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!

ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു

മാനുഷര്‍ക്കും കലിക്കും നമസ്കാരം!

എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്‍

എന്നതെന്തിനു നാം പറഞ്ഞീടുന്നു?


എന്തിന്റെ കുറവ്‌


കാലമിന്നു കലിയുഗമല്ലയോ?

ഭാരതമിപ്രദേശവുമല്ലയോ?

നമ്മളെല്ലാം നരന്മാരുമല്ലയോ?

ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.

ഹരിനാമങ്ങളില്ലാതെ പോകയോ?

നരകങ്ങളില്‍ പേടി കുറകയോ?

നാവുകൂടാതെ ജന്മമതാകയോ?

നമുക്കിന്നി വിനാശമില്ലായ്‌കയോ?

കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ

ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!


മനുഷ്യജന്മം ദുര്‍ല്ലഭം


എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം

അത്ര വന്നു പിറന്നു സുകൃതത്താല്‍!

എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും

എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും

എത്ര ജന്മങ്ങള്‍ മന്നില്‍ കഴിഞ്ഞതും

എത്ര ജന്മം മരങ്ങളായ്‌ നിന്നതും

എത്ര ജന്മം അരിച്ചു നടന്നതും

എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌

അതു വന്നിട്ടിവണ്ണം ലഭിച്ചൊരു

മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം!

എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍

ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും.

പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്‌

പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.


തന്നെത്താനഭിമാനിച്ചു പിന്നേടം

തന്നെത്താനറിയാതെ കഴിയുന്നു.

എത്രകാലമിരിക്കുമിനിയെന്നും

സത്യമോ നമുക്കേതുമൊന്നില്ലല്ലോ;

നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍

വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.

ഓര്‍ത്തറിയാതെ പാടുപെടുന്നേരം

നേര്‍ത്തുപോകുമതെന്നേ പറയാവൂ.

അത്രമാത്രമിരിക്കുന്ന നേരത്തു

കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!


സംസാരവര്‍ണ്ണന


സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലര്‍

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലര്‍;

ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു

കുഞ്ചിരാമനായാടുന്നിതു ചിലര്‍;

കോലകങ്ങളില്‍ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലര്‍

ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലര്‍;


അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും

ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;

അഗ്നിസാക്ഷിണിയായൊരു പത്നിയെ

സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;

സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍

ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;

വന്ദിതന്മാരെക്കാണുന്ന നേരത്തു

നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍;

കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ

വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്‍;

ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു

ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലര്‍;

അര്‍ത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാന്‍

അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;

സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും

എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലര്‍;

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും

ഉത്തമതുരഗങ്ങളതുകൊണ്ടും

അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടു-

മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!


വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും

അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!

അര്‍ത്ഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിന്നൊരു കാലം.

പത്തു കിട്ടുകില്‍ നൂറുമതിയെന്നും

ശതമാകില്‍ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍

അയുതമാകിലാശ്‌ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു

വേറിടാതെ കരേറുന്നു മേല്‌ക്കുമേല്‍.


സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍

സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍

ചത്തുപോം നേരം വസ്ത്രമതുപോലു-

മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും

പശ്‌ചാത്താപമൊരെള്ളോളമില്ലാതെ

വിശ്വാസപാതകത്തെക്കരുതുന്നു.

വിത്തത്തിലാശ പറ്റുകഹേതുവായ്‌

സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്‌ മമതുതന്നെ

സത്യമെന്നു കരുതുന്നു സത്തുക്കള്‍.


വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.

കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോള്‍

തൃഷ്‌ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.

വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും

മണ്ടിമണ്ടിക്കരേറുന്നു മോഹവും;

വന്നുവോണം കഴിഞ്ഞു വിഷുവെന്നും,

വന്നില്ലല്ലോ തിരുവാതിരയെന്നും,


കുംഭമാസത്തിലാകുന്നു നമ്മുടെ

ജന്മനക്ഷത്രമശ്വതിനാളെന്നും

ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍

സദ്യയൊന്നുമെളുതല്ലിനിയെന്നും;

ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു

ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;

കോണിക്കല്‍ത്തന്നെ വന്ന നിലമിനി-

ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,

ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ

ചത്തുപോകുന്നു പാവം ശിവ! ശിവ!


എന്തിനിത്ര പറഞ്ഞു വിശേഷിച്ചും

ചിന്തിച്ചീടുവാനാവോളമെല്ലാരും.

കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ

ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും

കാലമിന്നു കലിയുഗമായതും

ഭാരതഖണ്ഡത്തിന്റെ വലിപ്പവും

അതില്‍ വന്നു പിറന്നതുമെത്രനാള്‍

പഴുതേതന്നെ പോയ പ്രകാരവും

ആയുസ്സിന്റെ പ്രമാണമില്ലാത്തതും

ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.


ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്‍

വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും

ഇനിയുള്ള നരകഭയങ്ങളും

ഇന്നു വേണ്ടും നിരൂപണമൊക്കെയും.

എന്തിനു വൃഥാ കാലം കളയുന്നു?

വൈകുണ്‌ഠത്തിനു പൊയ്‌ക്കൊവിനെല്ലാരും

കൂടിയല്ല പിറക്കുന്ന നേരത്തും

കൂടിയല്ല മരിക്കുന്ന നേരത്തും

മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു

മത്സരിക്കുന്നതെന്തിനു നാം വൃഥാ?


അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ

അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?

മദ്ധ്യാഹ്‌നാര്‍ക്കപ്രകാശമിരിക്കവേ

ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!

ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍

ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?

മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!

വിഷ്‌ണുഭക്തന്മാര‍ല്ലേ ഭുവനത്തില്‍?

മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍

ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ഠികള്‍.


ഭുവനത്തിലെ ഭൂതിക്കളൊക്കെയും

ഭവനം നമുക്കായതിതുതന്നെ.

വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം

വിശ്വധാത്രി ചരാചരമാതാവും.

അച്ഛനും പുനരമ്മയുമുണ്ടല്ലോ

രക്ഷിച്ചീവാനുള്ളനാളൊക്കെയും.

ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ

ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.


നാമജപം

സക്തികൂടാതെ നാമങ്ങളെപ്പൊഴും

ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ


സിദ്ധികാലം കഴിവോളമീവണ്ണം

ശ്രദ്ധയോടെ വസിക്കേണമേവരും.

കാണാകുന്ന ചരാചരജീവിയെ

നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.

ഹരിഷാശ്രുപരിപ്ലുതനായിട്ടു

പരുഷാദികളൊക്കെസ്സഹിച്ചുടന്‍

സജ്‌ജനങ്ങളെക്കാണുന്ന നേരത്തു

ലജ്‌ജ കൂടാതെ വീണു നമിക്കണം.

ഭക്തിതന്നില്‍ മുഴുകിച്ചമഞ്ഞുടന്‍

മത്തനെപ്പോലെ നൃത്തം കുതിക്കണം.


പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍

പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും

വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍

പതിച്ചീടുന്നു ദേഹമൊരേടത്ത്‌;

കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു

കുതിച്ചീടുന്നു ജീവനുമപ്പൊഴേ.

സക്തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍

പാത്രമായില്ലയെന്നതുകൊണ്ടേതും

പരിതാപം മനസ്സില്‍ മുഴുക്കേണ്ട

തിരുനാമത്തില്‍ മാഹാത്‌മ്യം കേട്ടാലും!


ജാതി പാര്‍ക്കിലൊരന്ത്യജനാകിലും

വേദവാദി മഹീസുരനാകിലും

നാവുകൂടാതെ ജാതന്മാരാകിയ

മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍

എണ്ണമറ്റ തിരുനാമമുള്ളതില്‍

ഒന്നുമാത്രമൊരിക്കലൊരുദിനം

സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും

സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും

മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും

മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും


ഏതു ദിക്കിലിരിക്കിലും തന്നുടെ

നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും

അതുമല്ലൊരു നേരമൊരുദിനം

ചെവികൊണ്ടിതു കേട്ടുവെന്നാകിലും

ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌

ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ

ശ്രീധരാചാര്യന്‍ താനും പറഞ്ഞിതു

ബാദരായണന്‍ താനുമരുള്‍ചെയ്തു;

ഗീതയും പറഞ്ഞീടുന്നതിങ്ങനെ

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.


ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍

ആനന്ദം പൂണ്ടു ബ്രഹ്‌മത്തില്‍ച്ചേരുവാന്‍.

മതിയുണ്ടെങ്കിലൊക്കെ മതിയിതു

തിരുനാമത്തില്‍ മാഹാത്‌മ്യമാമിതു

പിഴയാകിലും പിഴകേടെന്നാകിലും

തിരുവുള്ളമരുള്‍ക ഭഗവാനെ.

Read more...

Malayalam Poem Kavitha | നെയ്ത്തുകാരുടെ ഒരു പാട്ട് (കുമാരനാശാന്‍) | Kumaranasan

നെയ്ത്തുകാരുടെ ഒരു പാട്ട് (കുമാരനാശാന്‍)
വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്

ഓടം മൃദുപാവില്‍ ജവമോടും ഗുണമേറാ-
നോടുമ്പടിയും, സമ്പ്രതി നീ ചെയ്‌വൊരു പൂവില്‍
തേടും മണമേലായുകിലും ശോഭ നിറഞ്ഞാല്‍
കൂടും‌പടിയും സോദര! നെയ്യൂ! തുണി നെയ്യൂ!

അന്തിക്കെഴുമര്‍ക്കന്നെഴുമോരോ കിരണം‌പോല്‍
ചന്തം ചിതറുന്നാ നിറമെല്ലാം വിലസട്ടെ
അന്തര്‍ഗ്ഗതമായ് നിന്നഴകോടുന്നിഴതോറും
ചിന്തട്ടെയതിന്‍ശോഭകള്‍ നിന്നെച്ചുഴലട്ടെ.

നീക്കംകയറട്ടാടയില്‍ നന്മേനിവരട്ടേ-
യാക്കൈയണയട്ടേ വിരവായും ശരിയായും
എക്കാലവുമേ നിന്‍ തുണിനൂലൊന്നൊഴിയാതെ
നില്ക്കട്ടിഹ നീണാളൊരു നേരെന്നതുപോലെ.

കായേകനെടുക്കാമിഹ പൂവേകനിറുക്കാം
മായാതെ വിതയ്ക്കാമഥ വിത്തന്യനൊരുത്തന്‍
ആയാസമതെന്നാല്‍ വിധി സങ്ക്ല്പിതമാര്‍ക്കും
നീയോര്‍ത്തതു ഹേ! സോദര! നെയ്യൂ! തുണി നെയ്യൂ!

ധന്യത്വമെഴും മന്നവനും മണ്ണു കിളയ്ക്കും
ഖിനസ്ഥിതിയാം കര്‍ഷകനും കേവലമാരും
സന്നദ്ധമതായ്‌വന്ന്യതൂവെല്ലാം തരുമിമ്പം
തന്നര്‍ത്ഥവുമേതും ശ്രമമേലായുകിലോരാ.

                                                                 - മെയ് 1905

Read more...

Malayalam Poem Kavitha | സങ്കീര്‍ത്തനം (കുമാരനാശാന്‍) | Kumaranasan

ചന്തമേറിയ പൂവിലും ശബളാഭമാം

    ശലഭത്തിലും

സന്തതം കരതാരിയന്നൊരു ചിത്ര-

    ചാതുരി കാട്ടിയും

ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-

    രശ്മിയില്‍ നീട്ടിയും

ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങു-

    മീശനെ വാഴ്ത്തുവിന്‍!


സാരമായ് സകലത്തിലും മതസംഗ്രഹം

    ഗ്രഹിയാത്തതായ്

കാരണാന്തരമായ് ജഗത്തിലുയര്‍ന്നു

    നിന്നിടുമൊന്നിനെ

സൌരഭോല്‍ക്കട നാഭിയാല്‍ സ്വമൃഗംകണ-

    ക്കനുമേയമായ്

ദൂരമാകിലുമാത്മ ഹാര്‍ദ്ദ ഗുണാസ്പദത്തെ

    നിനയ്ക്കുവിന്‍!


നിത്യനായക, നീതിചക്രമതിന്‍-

    തിരിച്ചിലിനക്ഷമാം

സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്

    വിളങ്ങുക നാവിലും

കൃത്യഭൂ വെടിയാതെയും മടിയാതെയും

    കരകോടിയില്‍

പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മ-

    ശക്തി കുളിക്കുക!


സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-

    മാശു കവര്‍ന്നുപോം

ദേഹമാനസ ദോഷസന്തതി ദേവ

    ദേവ, നശിക്കണേ

സ്നേഹമാം കുളിര്‍പൂനിലാവു പരന്നു

    സര്‍വവുമേകമായ്

മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വ-

    മുള്ളില്‍ വിളങ്ങണേ.


ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൌകയില്‍.

Read more...

Malayalam Poem Kavitha | വീണപൂവ്‌ (കുമാരനാശാന്‍) | Kumaranasan

വീണപൂവ്‌ (കുമാരനാശാന്‍)
1

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

2

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

3

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

4

ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

5

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

6

ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍

7

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം

8

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും

9

ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം

10

"കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

11

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍

12

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം

13

എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

14

ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

15

ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?

16

ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.

17

ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

18

ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

19

പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?

20

പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

21

ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?

22

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

23

ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

24

അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍

25

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും

26

ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

27

താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

28

ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

29

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

30

എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.

31

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?

32

എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം

33

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

34

അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

35

ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍

36

ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

37

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

38

സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

39

അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍

40

ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

41

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

Read more...

Malayalam Poem Kavitha | പൂക്കാലം (കുമാരനാശാന്‍) | Kumaranasan

പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍‌നിറം‌പൂണ്ടു, നീളെ-
പ്പാടിപ്പറന്നെത്തിയിത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു, ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍-വന്നൂ വസന്തം!

നാകത്തില്‍നിന്നോമനേ, നിന്നെ വിട്ടീ-
ലോകത്തിനാനന്ദമേകുന്നിതീശന്‍
ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!

ചിന്തിച്ചിളങ്കാറ്റുതന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?-ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു"വെന്നല്ലയല്ലീ?

Read more...

Malayalam Poem Kavitha | മോഹം - ഒ.എന്‍.വി | Moham- ONV Kurup

മോഹം - ഒ.എന്‍.വി

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം 
മരമോന്നുലുതുവാന്‍ മോഹം 

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍  മോഹം

ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം

വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം

അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

Read more...

Malayalam Poem Kavitha | മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

Read more...

Malayalam Poem Kavitha | കാത്തിരിപ്പ്‌ - മുരുകന്‍ കാട്ടാകട | Murugan Kattakada

ആസുരതാളം തിമര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശബ്ദമൊരു നോവായി നിറയുന്നു

നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
 ആര്‍ദ്രമൊരു വാക്കിന്റെ  വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി

ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

ഞാനുറങ്ങുമ്പൊഴും കാത്തിരിപ്പൊറ്റക്കു
 താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും
നിഴല്‍പ്പരപ്പിന്നു കണ്പാര്‍ക്കുന്നു
എന്റെ മയക്കത്തില്‍ എന്റെ സ്വപ്നങ്ങളില്‍
കാത്തിരിപ്പെന്തൊ തിരഞ്ഞോടിയെത്തുന്നു

ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ
വിളിച്ചുണര്‍ത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു
ഭൂതകാലത്തിന്നുമപ്പുറം വീണ്ടുമൊരു വാക്കിന്റെ വേനല്‍ മഴത്തുള്ളി
  വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു

കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
മച്ചിലെ വാവല്‍ കലമ്പലില്‍ ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളില്‍
 തെന്നല്‍ തലോടി തുറന്ന പടിവാതിലില്‍ തെക്ക് നിന്നെത്തുന്ന തീവണ്ടി മൂളലില്‍
ഞെട്ടിയുണര്‍ന്നെത്തി നോക്കുന്നു പിന്നെയും
ഒച്ച്‌ പോലുള്‍വലിഞ്ഞീടുവാനെന്കിലും
ഒരു പകല്‍ പടിവാതിലോടിയിറങ്ങുമ്പോളിരവു കറുത്ത ചിരി തൂകിയണയുമ്പോള്‍
  ഇരുവര്‍ക്കുമിടയിലൊരു സന്ധ്യപൂത്തുലയുമ്പോള്‍
 ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോള്‍
 എവിടെയോ മിഴി പാകി ഒരു ശിലാശകലമായ്
വാക്കിന്റെ വേനല്‍ മഴത്തുള്ളി
  വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു

  കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
വേദന ..വേദന വാരിപ്പുതച്ചു വീണ്ടും
എന്റെ കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

കണ്ണീരു പൊടിയുന്ന വട്ടുന്നതോര്‍ക്കാതെ
ആര്‍ദ്രമൊരു വാക്കിന്റെ  വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി

ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

Read more...

ബാഗ്ദാദ്-മുരുകന്‍ കാട്ടാകട | Murugan Kattakada | Malayalam Poem Kavitha

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍(2)
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2)
കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു
ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍(2)
കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു
അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2)
ഇതു ബാഗ്ദാദാണമ്മ..(2)
തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്
അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി
സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം
ഇതു ബാഗ്ദാദാണമ്മ..(2)
ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)
സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു(2)
കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍(2)
ഇതു ബാഗ്ദാദാണമ്മ..(2)
ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍
പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക
ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക
അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും
രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും
നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും
തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്
പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം
പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ(2)
പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍(2)
കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ
മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം(2)
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2)
ഇതു ബാഗ്ദാദാണമ്മ..(2)
ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം
ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം
ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്(2)
അറബിക്കഥയിലെ ബാഗ്ദാദ്…(4)

Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP