നീ പകര്‍ന്നത് Malayalam kavitha poem

>> Thursday, August 4, 2011

നീ പകര്‍ന്നത്

തഴുകുന്ന തെന്നലില്‍
നിന്‍ സ്നേഹ സ്വാന്തനം.
മൂടുന്ന കുളിര്‍ മഞ്ഞില്‍
നിന്‍ മൃദു സ്പര്‍ശനം .
പാല പൂത്ത രാത്രിയില്‍
ഇനി മേനിതന്‍ ഗന്ധം.
ആമ്പല്‍കുള കല്‍പടവുകളില്‍
നിന്‍ പദനിസ്വനം.
ധനുമാസം ചൊരിയും നിലാവില്‍
നിന്‍ മന്ദഹാസം.
കുയിലിന്‍ അജ്ഞ്യാത രാഗത്തില്‍
നിന്‍ പരിഭവ സ്വരം .
വിട പറഞ്ഞകലും സന്ധ്യയില്‍
നിന്‍ യാത്രാമൊഴി .
ഒടുവില്‍.,
വിരഹമേകിയ മുറിപ്പാടില്‍
അമൂര്‍ത്തമായ് നിന്‍ രൂപം...

Read more...

സ്ത്രീ പക്ഷം Malayalam poem kavitha

സ്ത്രീ പക്ഷം

കടക്കണ്ണില്‍ നീല നക്ഷത്രങ്ങള്‍
തഴപ്പായ്‌ വിരിക്കുന്നു
തിമിര കിനാക്കളുടെ പ്രേത ഗെഹങ്ങള്‍
നിന്നില്‍ മാംസദാഹം തേടുന്നു
നീ അബല , വെറും ചപല
വാത്സല്യ സാഗരത്തിന്‍ ദുര്‍ബല
ക്ഷണികമെങ്കിലും ഈ യാമങ്ങളിലെ
ഹൃദയ കാമിനി , കുത്തൊഴുക്കിന്റെ
വികാര വേഗങ്ങള്‍ക്കൊരു മാത്ര തടയണ


ജന്മാന്തരങ്ങളുടെ കണ്ണികള്‍
നിന്‍റെ ഗര്‍ഭാഗ്നിയില്‍ ഉരുകിയുറയുന്നു
''ന: സ്ത്രീ സ്വാതന്ത്ര മര്‍ഹതി .."
മനു സ്മൃതിയിലെ സ്ത്രെയ്ന്ന ദര്‍ശനത്തിനു
ആധുനികോത്തരത്തിന്‍റെ വസ്ത്രാക്ഷേപം
ചൊല്ലേണ്ടത് ഇതാണ് പെണ്ണെഴുത്തെ-
'' യത്ര: നാര്യസ്തു പൂജ്യന്തേ , രമന്തേ തത്ര ദേവത..."
ഫെമിനിസം തിരശീലക്കു പിന്നില്‍
പൌരുഷത്തിനു കിടപ്പായ്‌ വിരിക്കുന്നു .
വിത്തിടാനുള്ള വിളനിലമല്ല നീയെങ്കില്‍ ,
കളകള്‍ കൂട്ടമായ്‌ അന്ത്യകൂദാശ ചൊല്ലട്ടെ !


താണ്ടുവാനേരെയുണ്ട് കാതങ്ങള്‍ ,
പൂംകോഴിയൊന്നു കൂവട്ടെ;
പിട കോഴികള്‍ കൂവുമോ?
നോക്കാം, നമുക്കത് ചര്‍ച്ച ചെയ്യാം ,
രതിയുടെ നീല വേലിയെട്ടങ്ങള്‍ക്കൊടുവില്‍.,
സ്ത്രീ പക്ഷ വേദികളില്‍ ,
നാളെകളുടെ സെമിനാറുകളില്‍ ,
തണുപ്പിന്റെ ആഘോഷങ്ങളില്‍ ..
അസ്ഥികള്‍ ഉറയുന്നു
നീ രക്തമുറയാത്ത എന്‍റെ വലിയ
മുറിവായി മാറുന്നു.
നിറമാറിലൊരു അഭയം
അമൃത ധാരയില്‍ എന്‍റെ യൌവനം
മിഴികളടക്കുന്നു.


നീയറിയുക , ജനിക്കും , മൃതിക്കും
ഞാന്‍ മുന്‍കൈ എടുക്കേണ്ടവന്‍
ഋതുകാല സന്ധ്യകളുടെ ഭാരങ്ങള്‍ ചുമക്കുന്നോന്‍.
ആദിയും, അന്തവും ശയന ദൂരങ്ങളില്‍
മുറിവേറ്റു ചിതറുന്നു .
പ്രേത നര്‍ത്തനങ്ങളില്‍ താഴെ നീ -
എന്നും ഭവിക്കുക; ഭൂമിക്കധിപനാം ഞാന്‍
നിന്നില്‍ മീതെ ശയിച്ചോട്ടെ !


സ്ത്രെന്ന്യതെ ,നീയെന്‍റെ ശക്തിയായ് ,
ഗംഗയായ് ,പ്രാണ പ്രകൃതിയായ് ,
സര്‍വം സഹയായ് ഈ നോവിന്‍റെ
പ്രാണ ഭാരം പേറുക ..
സൃഷ്ടി സ്ഥിതികളെ ജന്മം ധരിക്കുക ,
വീണ്ടും തുടരുക.., വീണ്ടും..

Read more...

സൈബര്‍ കേരളം Malayalam poem kavitha

സൈബര്‍ കേരളം

പേരറിയാത്ത പക്ഷികള്‍
പാടാനറിയില്ലോന്നിനും
ഇല കൊഴിഞ്ഞ മരങ്ങള്‍
തളിര്‍ക്കാന്‍ കഴിയില്ലോന്നിനും
ദു:ഖം തളം കെട്ടി നില്‍ക്കും നദികള്‍
ഒഴുകാറില്ലവയോന്നും
മനസാക്ഷി മരവിച്ച
മനുഷ്യ മരപ്പാവകള്‍
ശബ്ദിക്കുന്ന സെല്‍ ഫോണുകള്‍
വര്‍ഷകാലത്തിലും
വേനല്‍ ചൂടിന്‍റെ വേദനയില്‍
പുലഭ്യം പറയുന്ന
കലാപങ്ങള്‍ നശിപ്പിച്ച
തെരുവിലെ അഭയാര്‍ത്തികള്‍
ഒരു പക്ഷെ പ്രാണന്‍റെ
അന്നം തേടുന്നവര്‍
വിശപ്പിന്‍റെ വിളിയില്‍
കൈ നീട്ടി മടുത്ത
ഭ്രാന്തിപെണ്ണിന്‍റെ
മടിക്കുത്തഴിക്കുന്ന ഖദര്‍ മാന്യന്‍മാര്‍
ഉറക്കം വരാത്ത കുഞ്ഞിനു
കഥ ചൊല്ലി കൊടുക്കുന്ന
ഒരു മുത്തശ്ശി ..
"പണ്ട് ഒരു നാടുണ്ടായിരുന്നു..,
ദൈവത്തിന്റെ സ്വന്തം......."
.......

Read more...

ശിക്ഷാ വിധി Malayalam poems kavitha

ശിക്ഷാ വിധി

നീതി പീഠം അവനു ശിക്ഷ വിധിച്ചു .
രാജ്യദ്രോഹം ,ഗൂഡാലോചന
കൊലപാതകം ചാരവൃത്തി ..
അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ..
എന്നാല്‍ ,
അപൂര്‍ണ്ണം ...
ഇവക്കെല്ലാം വധ ശിക്ഷ .
ആത്മഹത്യയിലൂടെ
സ്വന്തം മനസാക്ഷിക്കൊരു അപ്പീല്‍.
നീതിയുടെ കറുത്ത ശീലയാല്‍
കണ്ണുകള്‍ മൂടി കെട്ടിയ
നീതി ദേവതക്ക്
ആത്മ വിധി കാണാന്‍ കഴിഞ്ഞില്ലത്രേ!
വിധിയുടെ ന്യായാധിപനും..

Read more...

മഴ കരഞ്ഞടങ്ങുമ്പോള്‍ .. Malayalam poem kavitha Nandhitha


മഴ കരഞ്ഞടങ്ങുമ്പോള്‍ ..

മഴത്തുള്ളികളുടെ ഈറന്‍ കാഴ്ചകളില്‍
നീയെന്നെ മോഹിക്കരുത്
മഴമേഘഗര്‍ജനങ്ങളുടെ
ഉതിരും ഇടവരാവുകളില്‍
ശരറാന്തല്‍ അണക്കാതെ
നീയെന്നെ ചുംബിക്കരുത്‌
നീയറിയാതെ പോയത്.. ഞാനും..,
നിന്‍റെ വിഷാദ നയനങ്ങള്‍ക്കും ,
എന്‍റെ ഹൃദയതാളങ്ങല്‍ക്കുമിടയില്‍
ഇനിയും പെയ്തൊഴിയാത്ത
രതിമോഹസ്വപ്‌നങ്ങള്‍
നിന്‍റെ ഉറഞ്ഞ ചുംബനങ്ങളിലെ
പ്രണയാഗ്നിയില്‍ ,
ഇന്നലെകളുടെ രാസവാക്ക്യങ്ങള്‍
വഴി മാറുന്നു ..
ആയതിനാല്‍,
മഴത്തുള്ളികളുടെ ഈറന്‍ കാഴ്ചകളില്‍
നീയെന്നെ പ്രണയിക്കരുത്
നിന്‍റെ ആദ്യാന്തഗര്‍ഭത്തിന്‍ ചൂടില്‍
ചുരുണ്ടു കൂടി മയങ്ങുമ്പോള്‍
എന്‍റെ അരക്കെട്ടില്‍ ഇനിയും അണയാത്ത
അഗ്നിഗോളം .
പ്രണയത്തിനും , കാമത്തിനുമപ്പുറം
ഇനിയും തെളിയാത്ത ഹൃദയരേഖകളുടെ
അഭയ സംഗമങ്ങള്‍ .
മഴനൂലുകള്‍ കൂട് കൂട്ടിയ
വര്‍ഷകാല യാമങ്ങളുടെ കണ്ണീര്‍ നനവില്‍
തളര്‍ന്നുറങ്ങിയത് ,
നിന്‍റെയെന്ന പോലെ എന്‍റെയും കിനാവുകള്‍ .
ഒരിക്കലും,
മഴത്തുള്ളികളുടെ ഈറന്‍ കാഴ്ചകളില്‍
നീയെന്നില്‍ ഇണ ചേരരുത്
എന്നും ,
നിന്‍റെ തീഷ്ണ നയനങ്ങളില്‍ ,
തപ്ത നിശ്വാസങ്ങളില്‍..,
അണിവയറിലെ രോമരാജികളില്‍ .,
എരിഞ്ഞാല്‍ ഒടുങ്ങാത്ത അഗ്നികുണ്ഡം ..
നിന്‍റെ മോഹ സ്വപ്നങ്ങളുടെ
ഉദയം അവസാനിച്ചിരുന്നത്
വര്‍ഷകാല സൂര്യന്‍റെ
ആര്‍ദ്ര സന്ധ്യകളില്‍..
നീ തീര്‍ത്ത നഷ്‌ടസ്വപ്‌നങ്ങള്‍
നിറം ചാലിച്ചിരുന്നത് ,
മഴമേഘങ്ങളുടെ പെയ്തൊഴിയാത്ത
രതി ലാസ്യ ഭാവങ്ങളില്‍..
എങ്കിലും.., ഒടുവില്‍ ,
നീ പെയ്തൊഴിയുമ്പോള്‍,
കരഞ്ഞടങ്ങുമ്പോള്‍ ,
ഇല താളുകളില്‍
മുകില്‍ മുത്തുകള്‍ വാരി വിതറി
വഴി മാറുമ്പോള്‍ ,
ഞാന്‍ നിന്നെ മോഹിക്കുന്നു..
പ്രണയിക്കുന്നു.. കാമിക്കുന്നു ..
മഴത്തുള്ളികളില്‍ ഒടുങ്ങുന്ന
ഈറന്‍ കാഴ്ച്ചകളിലെന്ന പോല്‍ ...
വെറുതെ കൊതിക്കുന്നു .

Read more...

നിനക്ക്... Malayalam Poem Kavitha Nandhitha

നിനക്ക്...

എന്റെ കണ്ണിനു കാഴ്ചയും

എന്റെ കാതിനു കേള്‍വിയും

എന്റെ ഹൃദയത്തിനു മിടിപ്പും

നഷ്ട്ടപ്പെട്ടിരുന്നു

കാരണം

മേഘങ്ങള്‍ക്കപ്പുറത്തെ സൂര്യതാപവും

ഭൂമിക്കടിയിലെ അഗ്നികുന്ടവും

ആഴിയുടെ അഗാധതയിലെ അടങ്ങാത്ത അശാന്തിയും

എന്റെ മനസ്സാണെന്ന്,

എന്റെ പ്രപഞ്ചം നീയാണെന്ന്

എന്റെ പ്രണയം നിനക്ക് മാത്രമെന്ന്

ഞാനുന്മയാകുന്നത് നിന്നാലാണെന്ന്

നീയൊരിക്കലും അറിയുന്നില്ലല്ലോ..

ആകയാല്‍

ഈ ഭ്രമണം അവസാനിക്കുന്നില്ല

ഗ്രഹങ്ങളുടെ മഹാകോടി വര്‍ഷങ്ങള്‍ തീര്‍ത്ത്

ഞാനെന്നെ നിഗ്രഹിക്കുവോളം :

അല്ലെങ്കില്‍ നിന്റെ ഹൃദയം ഋതുവായി

പ്രണയ വസന്ത സംക്രമണമാകുവോളം ...

നിനക്കെന്റെ നിവേദ്യം പ്രണയമാണ്.

പ്രാണനും...

Read more...

Malayalam Poem Kavitha മനസ്സ് Nandhitha

മനസ്സ്

ഉലയില്‍
കനല്‍ തീര്‍ത്ത ജ്വാലയില്‍
ഉരുകുന്ന ലോഹമോ മനസ്സ്..

തിരയില്‍ ,
അലയാഴിതന്‍ മടിയില്‍
അനന്ത നീലിമതന്‍ ഇരുളോ മനസ്സ്..


ചരിവില്‍,
മുനകൂര്‍ത്ത പാറതന്‍ മേനിയില്‍
വീണടിയും മോഹ ഭംഗങ്ങള്‍ ..
അകലുന്ന ബന്ധങ്ങള്‍
കൂരിരുള്‍കാറ്റിന്‍ മന്ത്രങ്ങള്‍
ഋതു കാല സ്വപ്‌നങ്ങള്‍..
ഒടുവില്‍
ചിന്തകള്‍ കോറിയ ക്യാന്‍വാസ്സില്‍
വര്‍ണ്ണങ്ങളായ്
വരകളായ്
അമൂര്‍ത്തമായ് വളരുന്നു മനസ്സ്.

Read more...

Malayalam Poems Kavitha വസന്ത ജ്വാലകള്‍ Nandhitha

വസന്ത ജ്വാലകള്‍

ഹരിത കമ്പളം ശവക്കച്ച പുതക്കുന്നൊരീ
മേയ് മാസ ലഹരി.
പ്രിയേ,
പൂക്കാതെ പോയതും ,
പൂക്കാനിരുന്നതും ..,
പൂവിടും മുന്‍പേ കൊഴിഞ്ഞു മാഞ്ഞതും..,
സ്വപ്‌നങ്ങള്‍..ബിംബങ്ങള്‍..
വാസന്ത വേഗങ്ങള്‍..
ഇന്നലെ:
നിന്റെ ഹൃദയ രക്തം തുടിപ്പുകള്‍ അറിഞ്ഞത്
എന്റെ പ്രാണന്റെ നീലിച്ച മൂകതയിലായിരുന്നു.
കനവിന്റെ പച്ചപ്പുകള്‍ക്കുമപ്പുറം
നിനവിന്റെ മരുഭൂമിയാണെന്ന്
നിന്നോട് പറഞ്ഞതാരാണ് ?
ഇന്ന്:
രതിയും ,പ്രണയവും
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ '
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി ..

ഇനിയൊരു നാള്‍ :
ഓര്‍ക്കുക പ്രിയേ ,
നിലാവിന്റെ തീരാ തീരങ്ങളില്‍
ഋതു കാലവേഗങ്ങള്‍
കൂടണയുമ്പോള്‍
ഊതി അണക്കരുത് ,
മുറിവേറ്റ ജ്വാലകളുടെ
ബീജ സങ്കല്‍പ്പങ്ങളെ.....

Read more...

യാത്ര Malayalam Poem Kavitha Nandhitha

യാത്ര

ഇത്
സ്മരണകളുടെ ബലി തര്‍പ്പണം .!
പ്രണയവും, കാമവും,
മോഹവും
പഴകിയ വേഷങ്ങള്‍ ഉപേക്ഷിക്കുന്നു ..
നിത്യ നിദ്രയുടെ
കുഴി മാടത്തിലേക്ക് വീഴുന്ന
വാക മര പൂക്കളെ പോലെ
കാലവും വീണടിയുന്നു ..
ബന്ധങ്ങളുടെ വ്യാപാരങ്ങളില്‍
ഹോമിക്കേണ്ടി വന്ന
പ്രണയത്തിനു
ഒറ്റപ്പെടലിന്‍റെ രോദനം ..
ഭൂതകാലത്തിന്‍റെ കാണാക്കയങ്ങള്‍ക്ക് മീതെ
വട്ടമിട്ടു പറക്കുന്ന
ബലി കാക്കകള്‍ക്ക്
കാര്‍ വര്‍ണ്ണം ...
തിരയൊടുങ്ങാത്ത ഈ തീരത്തിനു
ഏകാകിയുടെ
യാത്രാ മൊഴി....!

Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP