ഫെബ്രുവരിയിലെ പ്രണയ വ്യഭിചാരം Malayalam poem

>> Thursday, August 4, 2011

ഫെബ്രുവരിയിലെ പ്രണയ വ്യഭിചാരം.

--------------------------------------
ചത്ത വാക്കുകളിലെ
പ്രണയാര്‍ത്ഥങ്ങളില്‍,
ഹൃദയരക്തം
ഇറ്റി ചുവപ്പിച്ച
ഫെബ്രുവരി സന്ധ്യകളില്‍,
പ്രണയം
നഗരഭോഗങ്ങളില്‍ പെട്ട്
അലറി മരിക്കുന്നു.

''Wanna you be my valentine..? ''
ചങ്കില്‍ കാമം ജ്വലിക്കുന്ന വാക്കുകള്‍
ചോദ്യം- റൂഷിന്റെ.,
ഫ്രൂട്ടി ലിപ്സിനറെ.,
പെഡി ക്യൂറിന്റെ.,
മാനി ക്യൂറിന്റെ..,
കാമ സൌരഭ്യങ്ങളുടെയും
ചോദ്യ ശരങ്ങള്‍.

ആധുനികോത്തര നിഖണ്ടുവില്‍,
വാക്കുകള്‍ തിരഞ്ഞെടുക്കുന്നു.
കാമം.. രതിമോഹം..മാംസദാഹം.
പ്രണയത്തിനും,
നാനാര്‍ത്ഥങ്ങള്‍.

'ക്യാറ്റ് വാക്ക്' ചെയ്യാം.,
'റാമ്പില്‍' തിളങ്ങാം.,
ഇണ ചേരാനൊരു 'ഡേറ്റിങ്ങും'.

പബ്ബുകളില്‍ 'ജെന്നിഫെര്‍ ലോപ്പെസ്'
അരയിളക്കി പാടുന്നു.
നക്ഷത്ര സത്രങ്ങളിലെ,
ചുവന്ന വെട്ടം ചിതറും
ശീതള ലഹരിയില്‍
അസ്ഥികള്‍ പൂക്കുന്നു.
കാമത്തിന്‍റെ കരുത്തോടെ
'വാലെന്റയിന്‍ പുണ്യാളനു'
സ്തുതികള്‍ പായുന്നു.

നിശാ ദീപങ്ങള്‍ അണയുന്നു.
രതിമൂര്‍ച്ചകളുടെ
കൊള്ളിയാന്‍ വെട്ടങ്ങള്‍
എരിഞ്ഞടങ്ങുന്നു.
നഷ്ട്ട ബോധത്തിന്റെ
ചാരിത്ര നോവുകളില്‍,
വരുംകാല മാതൃത്വവും
അസ്വസ്ഥമാകുന്നു.

ചെറു ക്ലിനിക്കുകളില്‍
ഭ്രൂണഹത്യ വ്യാപാരം
പൊടി പൊടിക്കുന്നു.
'ലവ്സ് ലേബര്‍'
വെറും 'ലോസ്റ്റ്‌' ആകുന്നു!

നാളെകളുടെ
ഫെബ്രുവരി സന്ധ്യകള്‍.
മാതൃകാ ഫ്രൈമില്‍
ഒരുവന്റെ കുടുംബിനി.
വേറൊരുവളുടെ ഭര്‍തൃവേഷം..

കാലം നീങ്ങുന്നു.
പ്രണയ നാടകത്തിന്‍
തിരശീല താഴുന്നു.
അസ്ഥികള്‍ പഴുപ്പിച്ച
വൈറസ്സിന്റെ അദൃശ്യതയോടെ,
മരണം
പതിഞ്ഞ നിശ്വാസത്തില്‍
ഇണകളോട്
വീണ്ടും മൊഴിയുന്നു-
''Wanna you be my valentine..?''

---------------------------------------------( മനു നെല്ലായ)

Read more...

പ്രിയേ ,വെറും പ്രണയമല്ലിത് Malayalam poem Kavitha

പ്രിയേ ,വെറും പ്രണയമല്ലിത്.

--------------------------------

നിലാവൊഴിയുന്നു.
ഇരുളില്‍ സ്വപ്നം
മരിക്കുന്നു.
വീണ്ടുമൊരു പിന്‍വിളി കാത്ത്‌,
അനാഥത്വത്തിന്റെ
ഇരുണ്ട ഇട നാഴിയില്‍
പ്രണയം വിതുമ്പുന്നു.

ബന്ധം.. ബന്ധനം..
പ്രിയമുള്ളവളെ,
നിശബ്ധമാമെന്‍ ഏകാന്ത നിമിഷങ്ങളില്‍,
നിലാവിന്‍റെ സ്വപ്‌നങ്ങള്‍
കാണാന്‍ പഠിപ്പിച്ചവളെ.,
എന്‍റെ ചിന്തകളെ കുരുതി കൊടുത്ത്,
ഈ പ്രാണന്‍റെ പിടച്ചില്‍ തീരുവോളം,
നിന്നെ പ്രണയിച്ചവന്‍ ഞാന്‍.
ഓര്‍ക്കുക പ്രിയേ,
വെറും വെറും പ്രണയമല്ലിത്.


നിന്‍റെ മിഴിനീരിലെ
വാഗ്ദത്ത ഭൂമിയില്‍.,
നിന്‍റെ വാക്കുകളിലെ
നക്ഷത്ര കാഴ്ചകളില്‍ ,
എന്‍റെ പ്രണയം
കാട്ടു തീയായ്‌ പടര്‍ന്നിരുന്നു.


പാതി മുറിഞ്ഞ സ്വപ്നം.
ഒറ്റപെടലിന്റെ കയ്പ്പ്.
വേദന.. മഹാ വേദന!

വയ്യിനി ഓമനേ..
വര്‍ത്തമാന വേഗത്തിന്‍റെ
ചതുപ്പില്‍
ആണ്ടു പോകുന്ന
എന്‍റെ പ്രണയം!
കെട്ട നിലാവിന്‍റെ
ദു:സ്വപ്നങ്ങളില്‍,
നോവുകള്‍ കൊടും മുള്ളായി
ചങ്കില്‍ കുരുങ്ങുന്നു.


ഈനിമിഷം..
യാത്രാ മൊഴിയില്ല.
വേഷ പകര്‍ച്ചകളില്ല.
ആകയാല്‍,
ഞാനെന്‍റെ തൂലിക
കുടഞ്ഞെറിയുന്നു.

തുച്ഛ ജീവനും.

---------------------------------------- ( മനു നെല്ലായ )



ഒരു പിന്‍ കുറിപ്പ് : നിന്‍റെ മാറിലെ ചൂടേറ്റു രാവുറങ്ങുംമ്പോളും,
ഒരു വേനല്‍ മഴതുള്ളിയായ് നിന്നില്‍ ചിതറി വീഴുമ്പോളും,
ഈ രാവ്‌ പുലരുന്നത് മൃതിയിലേക്കായിരുന്നെങ്കില്‍
നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നില്ല..

Read more...

ശയനം Malayalam poem kavitha

ശയനം

-----------------------------------

ജാനിസ്,
ഇത് വെളിച്ചം നഷ്ട്ടപ്പെട്ട
സൂര്യന്‍റെ,
ചങ്ക് പിളര്‍ന്ന
വേനലിന്‍ രോദനം.

സമുദ്രങ്ങള്‍ കടന്നെത്തി
നീ തെളിച്ച നീല വെട്ടത്തില്‍,
നിശ്വാസ വേഗങ്ങളില്‍,
കാമത്തിന്‍റെ കുതിപ്പോടെ
ഉയിര്‍തെഴുന്നെറ്റവാന്‍ ഞാന്‍.
ഇനിയും ,നിന്‍റെ
മൂപ്പെത്താത്ത ചര്‍മ്മങ്ങളില്‍
ഞാനെന്‍റെ ശയന പാപം
തുടരുന്നു.

ഹാ! വശ്യം.. മോഹിതം..ശ്രുതിലയം!
എന്‍റെ സിരകളില്‍
ജ്വാല പടരും നിന്‍,
'സാംബാ'* നര്‍ത്തനം!

നാം പിടഞ്ഞു ഉണരുന്നു;

നിന്‍റെ മാംസത്തിന്‍ മദ ഗന്ധമേറ്റ്‌ എന്‍റെ ,
ചിന്തകള്‍ തട്ടി ഉടഞ്ഞൂര്‍ന്നു വീണതും;
വിറയാര്‍ന്ന വിദ്യുത്,കരാന്ഗുലികള്‍ കൊണ്ടെന്‍റെ
ഹൃത്തില്‍ വന്യമാം ഗീതം ഉതിര്‍ത്തതും;
നിന്‍റെ സൌവര്‍ണ്ണ ചികുരഭാരത്തിലെന്‍,
യൌവനം നിറയാത്ത മിഴികള്‍ അടച്ചതും..
.
''voce e bonita ..te amo flor.."**
പ്രണയം! വെറും രതി ജന്യ മോഹം!
കാമം പ്രണയത്തിനു
തഴപ്പായ് വിരിക്കുന്നു.
ശയനം മരണവും.

ആസക്തികളുടെ ശുക്ല ഭാരം പേറി,
സുര താള പെരുക്കങ്ങള്‍
പതിഞ്ഞു ഒടുങ്ങുന്നു.
തലച്ചോറിലെ
പുക കാഴ്ച്ചക്കുള്ളില്‍ നിന്നും
ഒരു സ്വപനം
തലയോട്ടി പിളര്‍ന്നു
പുറത്തു വരുന്നു.

'കുഞ്ഞരി പല്ലിന്റെ വേണ്മയോടും,
അമ്മതന്‍ വാത്സല്ല്യം ച്ചുരന്നെടുത്തും,
നെഞ്ചിലെ ചൂടേറ്റു കരഞ്ഞുണര്‍ന്നും,
താരാട്ടിന്‍ നോവേറ്റു ശയിച്ച സ്വപ്നം.'

ജാനിസ്,
ഇന്ന് നീ സത്വം നഷ്ട്ടപ്പെട്ടവളുടെ
മരണ വേദന.
അസ്ഥികൂടത്തിന്റെ
ചിരി പോലെ,
പ്രാണന്‍റെ പിന്‍വിളി.
മൃതിയുടെ കറുത്ത
ശിരോവസ്ത്രം നീക്കി,
ഉത്തരീയം അഴിച്ചു,
മാടി വിളിക്കുന്നതെന്തിനു?

ഈ ശിലാ സത്രത്തിലെ
മഹാ ശൈത്യത്തില്‍.,
രതിമൂര്ച്ചകളുടെ,
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഞാനെന്ന നീയും,
നീയെന്ന ഞാനും,
നാമെന്ന മൃത്യുവും മാത്രം.

-----------------------------------------(മനു നെല്ലായ)

സാംബാ'*= ബ്രസീലിലെ ഒരു നൃത്തം.

'voce e bonita ..te amo flor.."**= you are pretty.so i love you dear..

Read more...

കാല്‍വരികുന്നിലെ ദേവന്‍ Malayalam poem kavitha

കാല്‍വരികുന്നിലെ ദേവന്‍



------------------------------------
കാല്‍വരി കുന്നിന്‍റെ
ദേശം.

അജ്ഞതയുടെ ഇരുണ്ട
തടവറയില്‍ നിന്ന്,
മോചനത്തിന്റെ
പത്തു കല്‍പ്പനകള്‍
ദാനം ചെയ്ത ഭൂമി.

സ്നേഹശൂന്യതയുടെയും,
ദയാ രാഹിത്യത്തിന്റെയും
വരണ്ട മടിത്തട്ടില്‍
ഉറങ്ങി പോയ ജനത.
വിധിയുടെ കൈകളാല്‍,
അവര്‍ ചെയ്ത
പാപങ്ങള്‍.

ജനിയുടെ അവിശുദ്ധ ഗര്‍ഭം
പേറുന്നവര്‍ ..
പാപ കര്‍മങ്ങളുടെ
ഫലം നുകരാന്‍,
സ്വര്‍ഗ്ഗ വാതില്‍
തുറന്നിറങ്ങി വന്ന
ഒരു കുഞ്ഞാട്;
അത് യേശുവായിരുന്നു.


സ്വാര്‍ഥതയുടെ നിറവില്‍
അന്ധയായവര്‍ക്ക്,
കനിവിന്റെ
കാഴ്ച നല്‍കിയവന്‍.

അസന്മാര്‍ഗത്തിന്റെ
അട്ടഹാസങ്ങളാല്‍
ബധിരയായവര്‍ക്ക്,
അറിവിന്റെ സങ്കീര്‍ത്തനങ്ങള്‍
പാടി ചെവി തുറപ്പിച്ചവന്‍.

തെരുവിന്‍റെ വേശ്യകള്‍ക്ക്,
സന്മാര്‍ഗത്തിന്റെ
അടിയുടുപ്പുകള്‍
ദാനം ചെയ്തവന്‍.

മുപ്പതു വെള്ളി കാശിന്‍റെ
കത്തുന്ന തിളക്കതാല്‍
അന്ധനായവന്,
തന്‍റെ രക്തവും ,മാംസവും
നല്‍കിയ മഹാ പരിത്യാഗി..

അത് യേശുവായിരുന്നു.

പാപത്തിന്റെ മുള്‍ കിരീടം
ചൂടാന്‍ വേണ്ടി മാത്രം പിറന്ന
ഇടയന്‍റെ സ്വന്തം കുഞ്ഞാട്..



------------------------------(മനു നെല്ലായ)

Read more...

നിള ഒഴുകാതെ Malayalam poem kavitha

നിള ഒഴുകാതെ.

-------------------
ഒരു വേനല്‍ ചിന്തയുടെ
ജ്വര മൂര്‍ച്ചയില്‍
നാം കിനാവ്‌ കണ്ടതു
നിളയെയാണ്.

യൌവനം തുടിച്ചും,
കണ്ണീരടക്കിയും, വിതുമ്പിയും
മൌനത്തിലാണ്ടും,
പിന്നെ,
പഞ്ചാര മണലില്‍
കുറിച്ചിട്ട പ്രണയാക്ഷരങ്ങള്‍
മായ്ച്ചും,ചിരിച്ചും
നിറഞ്ഞൊഴുകിയ
നിളാ കന്യയെ .

ഒരു സ്വപ്നാടനത്തിന്റെ
ഒടുക്കത്തില്‍
നാം പിടഞ്ഞു ഉണര്‍ന്നത്
വെളിച്ചത്തിലേയ്ക്കു ആണ് .
നിള .. നിത്യ പ്രണയിനി..
അവളുടെ
ഹരിത തീരങ്ങള്‍ക്കിന്നു
വികസനത്തിന്‍റെ
ശവ ഗന്ധം.
തുമ്പയിലും, മുക്കുറ്റിയിലും
സ്വപ്‌നങ്ങള്‍ കരിഞ്ഞു വീഴുന്നു.

നിള .. നിത്യ മോഹിനി..
വേര്‍പാടിന്‍ നോവുകള്‍
തര്‍പ്പണം ചെയ്ത
മടിത്തട്ടില്‍,
വാത്സല്ല്യം ചുരന്ന
മാറുകളില്‍.,
കീറി മുറിച്ച്,
നീര് നിലച്ച്‌..
പാതാള ഗര്‍ത്തങ്ങള്‍!
അധികാരത്തിന്റെ
"മണല്‍ പാസ്സില്‍"
ചുടല കളങ്ങള്‍
പെരുകുന്നു.

ഭരണകൂടം ,
പരിസ്ഥിതി സംരക്ഷണം.,
കറുത്ത ശിരോ വസ്ത്രധാരികള്‍.
പാറാവുകാര്‍.

സ്വപ്നങ്ങളില്‍
മുറിവുകള്‍ തീര്‍ത്ത്,
രക്തം കിനിഞ്ഞ്,
മലയാളത്തിന്‍റെ
പുണ്യം നിലക്കുന്നു..
ഒഴുകാതെ.


----------------------------(മനു നെല്ലായ)

Read more...

ജന്മം പോലെ. Malayalam poem kavitha

ജന്മം പോലെ.

------------------------------
വര്‍ണ്ണങ്ങളുടെ
ജീവിത ദീപ്തിയില്‍
മഴവില്‍ തീര്‍ത്ത മനസ്സ്.
വെറുതെ തൊടാന്‍ കൊതിച്ച
കൈകളില്‍ തൂങ്ങി
പേക്കിനാവ് പോലീ ജന്മം .

കണ്ടതെല്ലാം നയനാനന്ദം!
ഇമയനക്കാതെ നോക്കിയിരുന്നു..
വേനല്‍ , വസന്തത്തില്‍
കാറ്റൂതി കരയുന്നു.
മുറിവുകള്‍..ചോര കിനിഞ്ഞ്..
സ്വാര്‍ഥതയുടെ
ഭീകര മുഖങ്ങള്‍..
തിമിരം തീര്‍ത്ത കണ്ണുകള്‍ക്ക്‌
ഇനി കാഴ്ചയെന്ത്?

ഓര്‍മകള്‍ക്കു ഗന്ധമത്രെ.!
വാടികരിഞ്ഞ
ഓര്‍മ്മകളത്രയും
മനസ്സില്‍ പൊതിഞ്ഞു .
വരും കാല ദുര്‍ഗന്ധത്തെ
മൂക്കിനു അറിയില്ലല്ലോ.

സഹയാത്രികര്‍..
നിസ്വാര്‍ത്ഥ സ്നേഹം
എന്നും മുന്തിരി ചാറായിരുന്നു.
കയ്പ്പിന്റെ ഓര്‍മയില്‍
നാക്കും
രുചി മറക്കുന്നു.

കേട്ട ശബ്ധങ്ങളിലെല്ലാം
സംഗീതം മാത്രം ,
തത്ത്വ ശാസ്ത്രങ്ങള്‍ക്കും
കാതു കൊടുത്തു.
വാക്കുകള്‍ ..
കൂരമ്പുകള്‍..
ചെവികള്‍ പൊട്ടി പോയി.

ജീവിത മരുഭൂമിയില്‍
മരുപ്പച്ച തേടി
ഒരു അഭയാര്‍ഥി.,
കുടി നീരായ് കണ്ടതു,
വെറും മരീചിക.
പാദങ്ങള്‍ തളര്‍ന്നു,
സ്പന്ദനം നിലച്ചു,
ജീവിതം പോലെ..
എന്‍റെയും, നിന്‍റെയും
ജന്മം പോലെ..
ശൂന്യം ..


----------------------------(മനു നെല്ലായ)

Read more...

സൈലന്റ് വാലിയിലെ ശബ്ദ ഘോഷം . Malayalam poem kavitha

സൈലന്റ് വാലിയിലെ ശബ്ദ ഘോഷം .

-----------------------------
നിശ്ശബ്ദമീ
താഴ്വാരത്തില്‍
സഹ്യന്‍റെ ജടാ ഭാരം
ഉലഞ്ഞഴിയുന്നു.

കാട്ടു പെണ്ണിന്‍റെ
ഉര്‍വ്വരതയില്‍
മല്ലീശ്വരന്‍റെ
മനമിളകുന്നു.

മുളംകുടിലും,
മുള്‍പ്പടര്‍പ്പും
സൈരന്ധ്രിയുടെ
തപ്ത നിശ്വാസങ്ങളില്‍
വിറ കൊള്ളുന്നു .

വന്യതയുടെ
വാത്മീകങ്ങളില്‍,
മദ ഗന്ധം പേറി,
പാല്‍പ്പതയോഴുക്കി,
കുന്തി പിറക്കുന്നു.

* * * * * * * * *

ഭരണം, നിയമം ,
പരി പാലന മന്ത്രം.
പ്രഖ്യാപിത ഘോഷം,
ദേശീയോദ്യാനം!

കാല ഭേദങ്ങളുടെ
പ്രഹസനങ്ങളോട്
നിശബ്ധത തുളച്ച്
ചീവീടുകളുടെ
വന രോദനം.

നാം കണ്ട കാഴ്ചകള്‍.,
കാണാതെ പോയതും,
കണ്ടു മടുത്തതും-
പരിസ്ഥിതി തകരുന്നു.
പ്രകൃതി മരിക്കുന്നു.!

നിശബ്ദതയുടെ
താഴ്വാരത്തില്‍
മൂകത നിലക്കുന്നു.
ശബ്ദ ഘോഷ -
ഗാംഭീര്യത്തോടെ,
നിശബ്ധത മരിക്കുന്നു.

---------------------------(മനു നെല്ലായ)

Read more...

രതിയും ,പ്രണയവും Malayalam kavitha poem

രതിയും ,പ്രണയവും
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ '
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി .. 
___________________
നിന്‍റെ നെഞ്ചിലെ
ചൂടേറ്റു വാങ്ങുമ്പോള്‍,
ഒരു വേനല്‍ മഴ തുള്ളി പോല്‍
നിന്നില്‍ ചിതറുമ്പോള്‍,
ഈ രാവു പുലരുന്നത്
നോവുകളിലെക്കായിരുന്നെങ്കില്‍
ഞാന്‍ നിന്നെ പ്രണയിക്കുമായിരുന്നില്ല...

Read more...

ഞാന്‍ ചിന്തിക്കാറുണ്ട് .. malayalam poem kavitha

ഞാന്‍ ചിന്തിക്കാറുണ്ട്,
ശരരാന്തലിന്‍ തിരിവെട്ടം
ഇരുളിനെ
വിഴുങ്ങാത്തിരുന്നെങ്കില്‍ .,
ഡയറി കുറിപ്പിലെ മാറാപ്പില്‍
സ്വപ്‌നങ്ങള്‍
ഭാരം ചുമക്കാതിരുന്നെങ്കില്‍.

വസന്ത രാവുകളിലെ
നിലാവിന്
കണ്ണീര്‍ പൊഴിയാതിരുന്നെങ്കില്‍ .

ഞാന്‍ ചിന്തിക്കാറുണ്ട്;
കണ്ണീര്‍ തുള്ളിയില്‍
ചിതറി നീയെന്നിലെ,
മൌനത്തെ ആവോളം
ചുംബിച്ചു അണച്ചെങ്കില്‍..

നിന്നിലെ യൌവനം
ഞാറ്റുവേലയായ്,
നിലക്കാതെ,മുറിയാതെ
പെയ്തു തോരാതിരുന്നെങ്കില്‍.


പ്രണയം കാമത്തിനു
തഴപ്പായ്‌ വിരിക്കുമ്പോള്‍ .,
ചിന്തകളുടെ ചുടലഭസ്മം
സ്ഫടിക പാത്രം നിറക്കുമ്പോള്‍;
ചഷക ലഹരിയില്‍
സ്വപ്‌നങ്ങള്‍ നീര്‍ കുമിളയായ്
നുരയുമ്പോള്‍;
ഞാന്‍ ചിന്തിക്കാറുണ്ട്;
ആരും ഓര്‍ക്കാതിരുന്നെങ്കില്‍ ..
ആരും തേടാതിരുന്നെങ്കില്‍..

ഞാന്‍ ചിന്തിച്ചിട്ടുണ്ട്..,
അമ്പല മണിയുടെ
ഗദ്ഗദം
ദൈവങ്ങള്‍ പങ്കിട്ടെടുതെങ്കില്‍;
അത് കണ്ടു
ക്രിസ്തുവും , ബുദ്ധനും
ചിരിക്കാതിരുന്നെങ്കില്‍..

ഞാന്‍ ചിന്തിക്കുന്നുണ്ട് ;
എന്തിനു.. ഇനിയും..
വെറുതെ..,
ഒന്നും ചിന്തിക്കാതിരുന്നെങ്കില്‍,
കുത്തി കുറിക്കാതിരുന്നെങ്കില്‍..

---------------
-----------------( മനു നെല്ലായ )

Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP