രേണുക (മുരുകന്‍ കാട്ടാകട) | Murugan Kattakada | Malayalam Poem Kavitha

>> Saturday, July 30, 2011

രേണുക
Lyrics :മുരുകന്‍ കാട്ടാകട
രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്  അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-വിരഹമേഘ ശ്യാമ ഘനഭംഗികള്‍..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..
ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-കണ്ടുമുട്ടാമെന്ന വാക്കു മാത്രം..
നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-നാം കടം കൊള്ളുന്നതിത്ര മാത്രം..

രേണുകേ നാം രണ്ടു നിഴലുകള്‍-ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും.
.കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..
നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ..

ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം..

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവത്തില്‍
മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..
പകല് വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..
പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..

ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ- മധുരം മിഴിപൂ നനച്ചുവോ രേണുകേ?...

രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു- നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍........................

0 comments:

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP